പൊളിറ്റിക്കൽ ഡെസ്ക്
ബംഗളൂരു: കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നുമുള്ള മുപ്പത് എംഎൽഎമാർ ഒരാഴ്ചയ്ക്കകം ബിജെപിയിൽ എത്തുമെന്ന് സൂചന. ഒരു എംഎൽഎയ്ക്ക് ഒരു കോടി മുതൽ അഞ്ചു കോടി രൂപവരെയാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്.
224 അംഗ കർണ്ണാടക നിയമസഭയിൽ 222 സീറ്റിലെ ഫലമാണ് ഇപ്പോൾ പുറത്തു വന്നത്. ഇതിൽ 10 സീറ്റാണ് ബിജെപിയ്ക്കു ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് എട്ടു സീറ്റുകളുടെ അകലം. 78 സീറ്റ് നേടിയ കോൺഗ്രസും 38 സീറ്റ് നേടിയ ജനതാദൾ സെക്യുലറും ചേർന്നാൽ 116 സീറ്റാകും. കേവല ഭൂരിപക്ഷം സുഖമായി നേടാൻ സാധിക്കും. എന്നാൽ, ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെന്ന ബലത്തിൽ കർണ്ണാടക ഗവർണർ വാജുഭായ് വാലയ്ക്ക് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ് യദ്യൂരിയപ്പ കത്തു നൽകിയതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്.
കോൺഗ്രസ് – ജെഡിഎസ് ധാരണയായതിനു പിന്നാലെ ജെഡിഎസ് നേതാവും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ എച്ച്.ഡി കുമാരസ്വാമി ഗവർണറെ കാണാൻ സമയം ചോദിച്ചു. എന്നാൽ, ഗവർണർ സമയം അനുവദിച്ചില്ല. ഇതിനു പിന്നാലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി നേതാവ് ബി.എസ് യദ്യൂരിയപ്പ സമയം ചോദിച്ചതോടെ ഗവർണർ സമയം അനുവദിക്കുകയും, അദ്ദേഹത്തെ നേരിട്ട് കാണുകയും ചെയ്തു. ഇതോടെ വിവാദം പൊട്ടിപ്പുറപ്പെട്ടു. ഇതിനു പിന്നാലെ ബുധനാഴ്ച രാവിലെ 11 ന് കോൺഗ്രസിന്റെയും, ജെഡിഎസിന്റെയും ബിജെപിയുടെയും പാർലമെന്ററി പാർട്ടി യോഗം ചേരുകയും ചെയ്തു. എന്നാൽ, കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി യോഗത്തിൽ ഭൂരിപക്ഷം എംഎൽഎമാരും പങ്കെടുക്കാതിരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ഇതിനിടെയാണ് ജെഡിഎസിൽ നിന്നും 17 എംഎൽഎമാരെയും, കോൺഗ്രസിൽ നിന്നും 13 എംഎൽഎമാരെയും ബിജെപി അടർത്തിമാറ്റുമെന്ന സൂചന ലഭിച്ചത്. ഒന്നു മുതൽ അഞ്ചു കോടി രൂപവരെയാണ് ഇവർക്കു നൽകാൻ ബിജെപിയിൽ ധാരണായിരിക്കുന്നത്. രാജിവച്ചെത്തുന്ന അഞ്ചു എംഎൽഎമാർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് വന്നാൽ മന്ത്രിസ്ഥാനാവും വാഗാദാനം ചെയ്തിട്ടുണ്ട്. എന്നാൽ, ജെഡിഎസിൽ നിന്നും 20 എംഎൽഎമാരെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമം ബിജെപി ഇപ്പോഴും തുടരുന്നുണ്ട്. ഇവരെ ബിജെപി പാളയത്തിൽ എത്തിച്ചാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാകാതെ തന്നെ ബിജെപിക്ക് അധികാരം നിലനിൽത്താൻ സാധിക്കും.