സ്വന്തം ലേഖകൻ
കോട്ടയം: കേരള ഗണക മഹാസഭ വനിതവേദി യുവജനവേദി സംസ്ഥാന സമ്മേളനം മെയ് 20 ഞായറാഴ്ച കോട്ടയത്ത് നടക്കും. വനിത വേദിയുടെ സമ്മേളനം തിരുനക്കര ക്ഷേത്ര ഓഡിറ്റോറിയത്തിലും, യുവജന വേദിയുടേത് തിരുനക്കര എൻ.എസ്.എസ് ഓഡിറ്റോറിയത്തിലുമാണ് നടക്കുന്നത്.
യുവജന വേദി സമ്മേളനം നടക്കുന്ന കൊടുപ്പുന്ന ഗോവിന്ദ ഗണകൻ നഗറിൽ രാവിലെ 8.30 ന് സംസ്ഥാന പ്രസിഡന്റ് ഡോ. ഷാജികുമാർ പതാക ഉയർത്തും. തുടർന്ന് പ്രതിനിധി രജിസ്ട്രേഷനും ഇവിടെ നടക്കും. നാഗമ്പടം മുനിസിപ്പൽ പാർക്കിന് സമീപത്ത് നിന്ന് 9.30 ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്രയിൽ ആയിരക്കണക്കിന് കെ.ജി.എം.എസ് പ്രവർത്തകർ അണിനിരക്കും.
വനിത വേദി സമ്മേളനം നടക്കുന്ന കാഥിക കോട്ടയം ഗോമതി നഗറിൽ വിളംബര ഘോഷയാത്രയെ തുടർന്ന് 10.45 ന് പൊതുസമ്മേളനം നടക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർപേഴ്സൺ ഗിരിജ മുരളി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , മുനിസിപ്പൽ ചെയർപേഴ്സൺ ഡോ.പി.ആർ.സോന എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കെ.ജി.എം.എസ്. ജനറൽ സെക്രട്ടറി ജി.നിശീകാന്ത് മുഖ്യ പ്രഭാഷണം നടത്തും. മഹിള അസ്സോസിയേഷൻ ജില്ല പ്രസിഡന്റ് കെ.വി. ബിന്ദു. , മഹിള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സുധാകുര്യൻ , മഹിള മോർച്ച ഇടുക്കി ജില്ല പ്രസിഡന്റ് സ്മിത കുമാരി പ്രമുഖ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. തുടർന്ന് ഉച്ചയ്ക്ക് 2 ന് പ്രതിനിധി സമ്മേളം നടക്കും.
രാവിലെ 10.45 ന് പ്രതിനിധി സമ്മേളനത്തോടെ ആരംഭിക്കുന്ന യുവജനവേദി സമ്മേളനത്തിന്റെ പൊതുസമ്മേളം വി.ടി ബൽറാം എം.എൽ എ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ജനറൽ കൺവീണർ അമ്പാടി.എസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അശ്വതി ജ്വാല വിശിഷ്ട അതിഥിയായി പങ്കെടുക്കും. പ്രശസ്ത സംഗീതജ്ഞൻ വിഷ്ണു .എസ്.ശേഖറിന്റെ വയലിൽ സോളോ യും ഗാനമേളയും സമ്മേളനത്തോട് അനുബന്ധിച്ച് നടക്കും.
പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. ഷാജികുമാർ, ഗിരിജ മുരളി, ബിന്ദു.എസ്.കുമാർ, ഷീല വിജയകുമാർ , ധനൂജ് വേണുഗോപാൽ എന്നിവർ പങ്കെ ടുത്തു.
 
         
         
        