സ്വന്തം ലേഖകൻ
കോട്ടയം: ലോഗോസ് – കഞ്ഞിക്കുഴി മദർതെരേസ റോഡിൽ റബർബോർഡിനു സമീപത്തെ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നത് പൈപ്പ് പൊട്ടിയതിനെ തുടർന്ന്. നഗരത്തിലെ പ്രധാന പൈപ്പ് ലൈനാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ശക്തമായ സമ്മർദത്തെ തുടർന്നു പൊട്ടിയത്. ഇതോടെ ഈ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. പാലങ്ങളുടെ അറ്റകുറ്റപണികൾക്കായി നഗരത്തിലെ വിവിധ റോഡുകൾ അടച്ചിരിക്കുന്നതിനാൽ കഞ്ഞിക്കുഴിയിലേയ്ക്കുള്ള ഇടറോഡ് തകർന്നത് നഗരത്തിലെ ഗതാഗതത്തെ നന്നായി കുരുക്കിയിട്ടുണ്ട്.
30 വർഷത്തിലേറെ പഴക്കമുള്ള പൈപ്പ് ലൈനാണ് ഇവിടെ പൊട്ടിയത്. ഇതോടെ നഗരത്തിലേയ്ക്കുള്ള ജലവിതരണം പൂർണമായും നിലച്ചു. ശനിയാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. കോട്ടയം റെയിൽവേ സ്റ്റേഷൻ^കഞ്ഞിക്കുഴി റോഡിലെ ഗതാഗതം പൂർണമായും നിലച്ചു. പൂവത്തുംമൂട്ടിലെ പമ്പ് ഹൗസിൽനിന്നും കലക്ട്രറേറ്റ് വളപ്പപിലെ ജലഅതോറിറ്റിയുടെ പ്രധാനടാങ്കിലേക്ക് ശുദ്ധജലമെത്തിക്കുന്ന 600 എം.എം വ്യാസമുള്ള പൈപ്പാണ് പൊട്ടിയത്. ഇതോടെ, കോട്ടയം നഗരത്തിൽ 30,000ത്തോളം ഗാർഹിക ഉപഭോക്താക്കൾക്ക് ശുദ്ധജലവിതരണം മുടങ്ങി. പൂവത്തുംമൂട്ടിൽനിന്നും കലക്ടറേറ്റിലെ പ്രധാനടാങ്കിൽ ജലംശേഖരിക്കുന്ന ജലമാണ് ജില്ല കലക്ടറുടെ ഒൗദ്യോഗിക വസതിയടക്കം സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നത്. വാഹനങ്ങൾ കുറവായ രാത്രിസമയമായതിനാൽ വൻദുരന്തമാണ് ഒഴിവായത്.