സ്വന്തം ലേഖകൻ
കോട്ടയം: കഞ്ഞിക്കുഴി – ലോഗോസ് മദർതെരേസ റോഡിൽ റബർബോർഡ് മേൽപ്പാലത്തിനു ഭീഷണിയായി പൈപ്പ് പൊട്ടിയുണ്ടായ കുഴി അടച്ചു. പൊട്ടിപൈപ്പുകൾ മാറ്റി സ്ഥാപിച്ച ജല അതോറിറ്റി അധികൃതരാണ് ഇന്നലെ രാത്രി പ്രശ്നം പരിഹരിച്ചത്. ഇതോടെ നിർത്തിവെച്ച കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു. ഞായറാഴ്ച രാവിലെയാണ് കുടിവെള്ള വിതരണം പുനനരാരംഭിച്ചത്.
ശനിയാഴ്ച രാത്രിയോടെ അറ്റകുറ്റപണികൾ നടത്തി പൈപ്പ് പൊട്ടിയത് പരിഹരിച്ചു. തിരുവഞ്ചൂരിലെ പമ്പ് ഹൗസിൽ നിന്നും നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന 600 എം.എം. ആസ്ബറ്റോസ് പൈപ്പാണ് പൊട്ടിയത്. ഇതേ തുടർന്ന് വലിയ ഗർത്തം രൂപപ്പെട്ടു. പൈപ്പിന്റെ പൊട്ടിയ ഭാഗം അറുത്തുമാറ്റി അവിടെ അതേ അളവിലുള്ള പൈപ്പ് ഘടിപ്പിച്ചു. പിന്നീട് ബലപരിശോധന നടത്തി മണ്ണിട്ട് മൂടുകയായിരുന്നു.
പൈപ്പ് പൊട്ടിയതിനെ തുടർന്ന് റബ്ബർ ബോർഡിനു മുമ്പിലെ മദർ തെരേസാ റോഡിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. ഇതും ഭാഗീകമായി പുനഃസ്ഥാപിച്ചു. തിങ്കളാഴ്ച രാവിലെ പി.ഡബ്ല്യു.ഡി., വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്ന് നഷ്ടം കണക്കാനാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.