മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തമിഴ്നാട് തുറന്നുവിട്ട്

പാലക്കാട് : മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തുറന്നുവിട്ട് തമിഴ്നാട്. ഇതോടെ പാലക്കാട്ടെ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. യാക്കര പുഴയിലേക്കും ചിറ്റൂര്‍ പുഴയിലേക്കും വന്‍തോതില്‍ ജലമെത്തിയതോടെ കനത്ത ഒഴുക്കാണ് അനുഭവപ്പെടുന്നത്. അസാധാരണമായി ജലനിരപ്പ് ഉയര്‍ന്നതോടെ പാലക്കാടെ പുഴയോരങ്ങളിലുള്ളവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി. ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിറ്റൂരിലെ വെള്ളയോടി പാലത്തിന് മുകളിലേക്ക് എത്തുന്നതുവരെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. പുഴകളില്‍ കുത്തിയൊഴുക്കുണ്ടായതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. ആളിയാര്‍ ഡാം തുറക്കുന്നത് സംബന്ധിച്ച്‌ തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചില്ലെന്നാണ് പാലക്കാട് ജില്ലാ അധികൃതര്‍ പറയുന്നത്.