സ്വന്തം ലേഖകൻ
തിരുവനന്തപുരം: പോണ്ടിച്ചേരി രജിസ്ട്രേഷനിൽ നിരത്തിലിറങ്ങിയ വ്യാജ വിലാസക്കാരെ പൊക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇനിയും പിഴയടയ്ക്കാൻ തയ്യാറാകാത്ത കള്ളവണ്ടികൾ ജപ്തി ചെയ്യുന്നതിനാണ് മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്. കോട്ടയം ജില്ലയിൽ ആകെയുണ്ടായിരുന്ന 55 ൽ 30 വണ്ടിക്ൾ ഇനിയും പിഴ അടച്ചിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്താകെമാനമായി ആയിരത്തിലേറെ വണ്ടികളാണ് ഇനിയും പിഴയ്ടയ്ക്കാനുള്ളത്.
മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയ ഈ വാഹനങ്ങൾക്കു ജില്ലാ ആർ.ടി ഓഫിസ് നോട്ടിയച്ചെങ്കിലും 25 പേർ മാത്രമാണ് പ്രതികരിച്ചത്. ബാക്കിയുള്ള വണ്ടികൾ റോടിഡിലിറങ്ങിയാൽ ഉടൻ പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം തീരുമാനിച്ചു.
പോണ്ടിച്ചേരിയിൽ വ്യാജ വിലാസത്തിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തത് സംബന്ധിച്ചുള്ള കേസിൽ നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച്, മോട്ടോർ വാഹന വകുപ്പ് സംഘം പോണ്ടിച്ചേരിയിൽ നടത്തിയ പരിശോധനയിലാണ് ജില്ലയിലെ 55 ആഡംബര വാഹനങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് വ്യാജവിലാസത്തിലാണെന്നു കണ്ടെത്തിയത്. തുടർന്നു ഈ വാഹനങ്ങളുടെ വിലാസക്കാരുടെ പട്ടികയും, നമ്പറും ജില്ലാ ആർ.ടി ഓഫിസിലേയ്ക്കു അയച്ചു നൽകി. തുടർന്നു ഈ 55 പേരുടെയും പേരിൽ കോട്ടയം ആർ.ടി ഓഫിസിൽ നിന്നും നോട്ടീസ് നൽകി. എന്നാൽ, ഇവരിൽ പലരും ആദ്യ നോട്ടീസിനോടു പ്രതികരിച്ചില്ല.
തുടർന്നു വീണ്ടും വാഹനം പിടിച്ചെടുക്കുമെന്നു കാട്ടി നോട്ടീസ് അയച്ചതോടെയാണ് 2515 വാഹന ഉടമകൾ മോട്ടോർ വാഹന വകുപ്പ് അധികൃതരെ സമീപിച്ചത്. ഈ പതിനഞ്ചു വാഹനങ്ങളിൽ നിന്നായി ഒരു കോടി 86 ലക്ഷം രൂപയാണ് ഇതുവരെ ജില്ലയിൽ മാത്രം നികുതി ഇനത്തിൽ ലഭിച്ചിരിക്കുന്നത്. ജില്ലയിൽ ഓടുന്ന ഈ ആഡംബര വാഹനങ്ങളുടെയെല്ലാം രജിസ്ട്രേഷൻ അതത് ആർ.ടി ഓഫിസിലേയ്ക്കു മാറ്റണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
വ്യാജവിലാസത്തിൽ രജിസ്റ്റർ ചെയ്ത ശേഷം ജില്ലയിൽ സർവീസ് നടത്തുന്ന വാഹനങ്ങൾ കണ്ടാലുടൻ പിടിച്ചെടുക്കാനാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മ്മെന്റ് വിഭാഗത്തിനു ട്രാൻസ്പോർട്ട് കമ്മിഷണർ നൽകിയിരിക്കുന്ന നിർദേശം. മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ചിരിക്കുന്ന കാമറകളിൽ ഏതെങ്കിലും പ്രദേശത്ത് ഇത്തരത്തിലുള്ള വാഹനങ്ങൾ കുടുങ്ങുന്നതു കണ്ടാൽ വിവരം അതത് ജില്ലാ ആർ.ടി ഓഫിസുകൾക്കു കൈമാറണമെന്നും നിർദേശിച്ചിട്ടുണ്ട്. ജില്ലയിൽ നിന്നും വ്യാജവിലാസത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ നികുതി ഇനത്തിൽ മാത്രം അഞ്ചു കോടിയിലധികം രൂപ വെട്ടിച്ചിട്ടുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്ക്.