സ്വന്തം ലേഖകൻ
പ്യോംഗ്യാഗ്: ഏഷ്യൻ മേഖലയിൽ സമാധാന അന്തരീക്ഷം സാധ്യമാക്കാമെന്ന സാധാരണ ജനങ്ങളുടെ പ്രതീക്ഷ വീണ്ടും അകലെയാകുന്നു. ഏറെ നാൾ നീണ്ടു നിന്ന കൊറിയൻ യുദ്ധത്തിനു ശേഷം സമാധാനത്തിന്റെ പാതയിൽ രണ്ടു രാജ്യത്തലവൻമാരും എത്തിയെങ്കിലും വീണ്ടും ഇരു രാജ്യങ്ങൾക്കും ഇടയിൽ തർക്കവും സംഘർഷവും ഉടലെടുത്തിരിക്കുകയാണ്.
ദക്ഷിണ കൊറിയയുമായി പാൻമുംജോം അതിർത്തിയിലെ സമാധാനഗ്രാമത്തിൽ വച്ച് നടത്താനിരുന്ന ഉന്നതതല ചർച്ചയിൽ നിന്ന് ഉത്തരകൊറിയ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട് പുറത്തു വന്നതോടെയാണ് ഇരു രാജ്യങ്ങളും വീണ്ടും യുദ്ധ കാഹളം മുഴക്കിത്തുടങ്ങിയത്. അമേരിക്കയുമായിച്ചേർന്ന് ദക്ഷിണകൊറിയ നടത്തുന്ന സൈനിക നീക്കങ്ങളെത്തുടർന്നാണിതെന്നാണ് സൂചന. തങ്ങൾക്കെതിരായ കൃത്യമായ പദ്ധതികളോടെയുള്ള നീക്കത്തിന്റെ ഭാഗമാണ് അമേരിക്ക-ദക്ഷിണകൊറിയ സംയുക്ത നീക്കമെന്ന വിലയിരുത്തലിനേത്തുടർന്നാണ് ഉത്തരകൊറിയ ചർച്ചകളിൽ നിന്ന് പിന്മാറുന്നതെന്നും വിവരങ്ങളുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ പ്രതികരണങ്ങൾക്ക് ഉത്തരകൊറിയൻ ഭരണധികാരികൾ തയാറായിട്ടില്ല.
ഏപ്രിൽ 27ന് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും തമ്മിൽ നടന്ന ഉച്ചകോടിയിൽ ആണവനിരായുധീകരണം സംബന്ധിച്ച് എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതുൾപ്പെടെയുള്ള വിവരങ്ങൾ രണ്ടാം ഘട്ടചർച്ചയിൽ ഉയർന്ന് വരുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
ഉത്തരകൊറിയയുടെ ഏകീകരണ കമ്മിറ്റി ചെയർമാൻ റി സോൺ ഗ്വോണിന്റെ നേതൃത്വത്തിലുള്ള 29 അംഗ പ്രതിനിധികളും ദക്ഷിണകൊറിയയുടെ ഏകീകരണ വകുപ്പു മന്ത്രി ജോ മ്യോംഗ് ഗ്യോണിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘവും തമ്മിലായിരുന്നു ചർച്ച നിശ്ചയിച്ചിരുന്നത്. അണുപരീക്ഷണ കേന്ദ്രമായ പുംജിയേരി സൈറ്റ് 23-25 തീയതികളിൽ പൊളിച്ചുകളയുമെന്നും ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നു. ചർച്ച നടക്കാതിരുന്നാൽ ഈ പ്രഖ്യാപനത്തിന്റെ ഭാവിയും തുലാസിലാകും.