അത്യന്തം മാരകമായ കൊവിഡ് വകഭേദം ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ചതിനു പിന്നാലെ അപായ സൂചന മുഴക്കി നിയന്ത്രണവും നിരീക്ഷണവും കർശനമാക്കി യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങൾ. യൂറോപ്യൻ യൂണിയൻ, ജർമനി, ഇറ്റലി, ബ്രിട്ടൻ, ഇന്ത്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ കർശന നിയന്ത്രണം ഏർപ്പെടുത്തി.
ഹോങ്കോങ്, ബോട്സ്വാന, ഇസ്രയേൽ എന്നിവിടങ്ങളിലും ഈ പുതിയ വകഭേദം സ്ഥിരീകരിച്ചു. യാത്രാനിരോധന പ്രഖ്യാപനമുണ്ടായതോടെ ആഗോള ഓഹരിവിപണിയിൽ കടുത്ത ഇടിവുണ്ടായി.
ആറ് അഫ്രിക്കൻ രാജ്യത്തുനിന്നുള്ള വിമാനങ്ങൾ ബ്രിട്ടൻ പൂർണമായി നിരോധിച്ചു. യാത്രാനിരോധനം ഉടൻ പ്രഖ്യാപിക്കുമെന്ന് ഇയു. ഏഴു രാജ്യത്തുനിന്നുള്ള വിമാനയാത്ര സിംഗപ്പൂർ വിലക്കി. രണ്ടാഴ്ചയ്ക്കിടെ ദക്ഷിണാഫ്രിക്ക സന്ദർശിച്ചവർക്ക് ഇറ്റലി പ്രവേശനം വിലക്കി. അടുത്തിടെ രാജ്യത്ത് എത്തിയവരിൽ മുമ്പ് ദക്ഷിണാഫ്രിക്ക സന്ദർശിച്ചവരെ കണ്ടെത്തി നിരീക്ഷിക്കാൻ ഇന്ത്യയിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി
എന്നാൽ, യാത്രാനിരോധനം പുതിയ വകഭേദത്തിന്റെ വ്യാപനം തടഞ്ഞുനിർത്തുമെന്ന് ഉറപ്പുപറയാനാകില്ലെന്ന് ദക്ഷിണാഫ്രിക്ക പ്രതികരിച്ചു. ഇതിനകം തന്നെ വൈറസുകൾ മറ്റിടങ്ങളിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ യാത്രാനിരോധനം ഫലപ്രദമല്ലെന്നാണ് വാദം.
ദക്ഷിണാഫ്രിക്കൻ വകഭേദത്തിന് നിലവിലുള്ള വാക്സിനുകളെ അതിജീവിക്കാൻ ശേഷിയുണ്ടോയെന്ന തീവ്രപരിശോധനയിലാണ് വൈദ്യശാസ്ത്രലോകം. പുതിയ വകഭേദത്തിലെ മാംസ്യഘടകത്തിന് രോഗവാഹിയായ ആദ്യ വൈറസിന്റേതിൽ നിന്നും വലിയ വ്യത്യാസമുണ്ട്.
കൊവിഡിന്റെ ഏറ്റവും മാരകമായ വകഭേദമാണ് ഇതെന്നാണ് വിലയിരുത്തൽ. ദക്ഷിണാഫ്രിക്കൻ വകഭേദം ശക്തമായ തിരിച്ചടിയാണെങ്കിലും ഇതോടെ എല്ലാം അവസാനിച്ചെന്ന മട്ടിൽ പരിഭ്രമിക്കേണ്ട കാര്യമില്ലെന്ന് ലോകപ്രശസ്ത്ര സാംക്രമിക രോഗവിദഗ്ധർ പ്രതികരിച്ചു. നേരത്തെ കണ്ടെത്താനായതുകൊണ്ടുതന്നെ ശക്തമായ പ്രതിരോധം തീർക്കാനാകുമെന്ന് യുകെയിലെ സാംക്രമിക രോഗവിദഗ്ധൻ പ്രൊഫ. ഫ്രാങ്കോയിസ് ബല്ലൗക്സ് പ്രതികരിച്ചു
പുതിയ കൊവിഡ് വകഭേദം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ വ്യാപകമായി രാജ്യങ്ങൾ യാത്രാനിരോധനം ഏർപ്പെടുത്തുന്നതിൽ ഫലമില്ലെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. സ്ഥിതിഗതി നിരീക്ഷിച്ചുവരികയാണെന്നും പുതിയ വൈറസിന് വൻതോതിൽ വകഭേദം ഉണ്ടാകുകയാണെന്നും ലോകാരോഗ്യ സംഘടനാ വക്താവ് അടിയന്തരയോഗത്തിനുശേഷം അറിയിച്ചു.