സ്വന്തം ലേഖകൻ
ബംഗളൂരു: കർണ്ണാടകത്തിൽ സർക്കാർ രൂപീകരിക്കാനുള്ള ബിജെപിയുടെ ശ്രമം തടയാനുള്ള കോൺഗ്രസ് നീക്കത്തിനു കനത്ത തിരിച്ചടി. അർധരാത്രിയ്ക്കു ശേഷം സുപ്രീം കോടതിയെ സമീപച്ചെങ്കിലും യദൂരിയപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് തടയാൻ കോൺഗ്രസിനായില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നത് ഗവർണറുടെ വിവേചന അധികാരമാണെന്നു കണ്ടെത്തിയ സുപ്രീം കോടതി കോൺഗ്രസിന്റെ കേസ് വീണ്ടും വാദം കേൾക്കാൻ നാളെ രാവിലെ 10.30 നു പരിഗണിക്കും.
ഇതിനിടെ ബിജെപി സത്യപ്രതിജ്ഞയ്ക്കു വേണ്ട തയ്യാറെടുപ്പുകൾ നടത്തിത്തുടങ്ങിയിട്ടുണ്ട്. രാജഭവനിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ബിജെപി പ്രവർത്തകരും നേതാക്കളും പുലർച്ചെ മുതൽ തന്നെ വാദ്യമേളങ്ങളുമായി രാജ്ഭവനു മുന്നിൽ നിരന്നിട്ടുണ്ട്. സംഘർഷ സാധ്യത പരിഗണിച്ച് കനത്ത പൊലീസ് സാന്നിധ്യമാണ് രാജ്ഭവനു മുന്നിൽ ഒരുക്കിയിരിക്കുന്നത്.
115 പേരുടെ പിൻതുണയുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാൽ, 117 എംഎൽഎമാരുടെ പിൻതുണ കത്താണ് ജെഡിഎസ് കോൺഗ്രസ് സഖ്യം ഗവർണർ വാജുഭായ് വാലയ്ക്കു നൽകിയിരിക്കുന്നത്. ഒരു എംഎൽഎയ്ക്കു 100 കോടി വീതം വാദ്ഗാനം ചെയ്ത് എട്ട് കോൺഗ്രസ് – ജെഡിഎസ് എംഎൽഎമാരെ ബിജെപി തട്ടിയെടുത്തതായാണ് സൂചന.