പൊളിറ്റിക്കൽ ഡെസ്ക്
ബംഗളൂരു: കർണ്ണാടകത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തി. വീണ്ടും മുഖ്യമന്ത്രിയായി ബി.എസ് യദ്യൂരിയപ്പ അധികാരമേറ്റു. വ്യാഴാഴ്ച രാവിലെ നടന്ന ചടങ്ങിൽ പതിനായിരക്കണക്കിനു പ്രവർത്തകരെ സാക്ഷിയാക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രിയായി യദ്യൂരിയപ്പ സത്യപ്രതിജ്ഞ ചെയ്ത് ആധികാരമേറ്റത്.
ബുധനാഴ്ച രാത്രി ആരംഭിച്ച് വ്യാഴാഴ്ച പുലർച്ചെ വരെ നീണ്ട നിയമയുദ്ധത്തിനു ശേഷം ലഭിച്ച ആശ്വാസത്തോടെയാണ് ബിജെപി സർക്കാർ അധികാരത്തിൽ എത്തിയത്. അതിവേഗത്തിൽ കർണ്ണാടക രാജ്ഭവനു മുന്നിൽ ക്രമീകരിച്ച പന്തലിൽ വൻ സുരക്ഷാ സന്നാഹങ്ങളാണ് സത്യപ്രതിജ്ഞയ്ക്കായി ഒരുക്കിയിരുന്നത്. നിലവിൽ 104 അംഗങ്ങളുടെ മാത്രം പിൻതുണയാണ് ബിജെപിയ്ക്ക് കർണ്ണാടകത്തിലുള്ളത്. കേവല ഭൂരിപക്ഷത്തിനു 112 സീറ്റ് വേണം. 78 അംഗങ്ങളുള്ള കോൺഗ്രസും, 38 സീറ്റുകളുള്ള ജനാദൾ യുണൈറ്റഡും ചേരുമ്പോൾ 117 അംഗങ്ങളുടെ പിൻതുണയാകും.
എന്നാൽ, വ്യക്തമായ ഭൂരിപക്ഷമുള്ള കത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി നൽകിയിട്ടും സർക്കാരുണ്ടാക്കാൻ ജെഡിഎസ് കോൺഗ്രസ് സഖ്യത്തെ ക്ഷണിക്കാതെ ഗവർണർ വാജുഭായി വാല ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയായിരുന്നു. ഇതിനിടെ കോൺഗ്രസ് നീതി നിഷേധിച്ചതായി ആരോപിച്ച് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ യദ്യൂരിയപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം സമയം അനുവദിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ കുതിരക്കച്ചവടം നടത്താൻ ശ്രമിക്കുമെന്നാണ് ഏതാണ്ട് ഉറപ്പായിരിക്കുന്നത്.