സ്വന്തം ലേഖകൻ
ഹവാന: ക്യൂബയിൽ വൻ വിമാന ദുരന്തം നൂറുപേരിലധികം കൊല്ലപ്പെട്ടതായി പ്രാഥമിക റിപ്പോർട്ട്. ബോയിംഗ് 737 എന്ന രാജ്യാന്തര സർവീസ് നടത്തുന്ന വിമാനമാണ് ഇപ്പോൾ തകർന്നുവീണിരിക്കുന്നത്.
വിമാനത്താവളത്തിൽ നിന്നുള്ള ടേക്ക് ഓഫിനിടെയായിരുന്നു അപകടം. ഹവാനയിലെ ജോസ് മാർട്ടി അന്താരാഷ്ട്ര വിമാത്താവളത്തിൽ നിന്ന് പറന്ന് ഉയർന്ന് , മിനിറ്റുകൾക്കകമാണ് വിമാനം തകർന്ന് വീണത്.
ക്യൂബയുടെ കിഴക്കൻ നഗരമായ ഹൊൽഗ്യൂനിലേക്ക് പോയതായിരുന്നു വിമാനം. ഒമ്പത് ജീവനക്കാരടക്കം 113 പേർ വിമാനത്തിലുണ്ടായിരുന്നു. ഇതിൽ മൂന്നു പേർ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടേക്ക് ഓഫിനു തൊട്ടുപിന്നാലെ സമീപത്തെ കൃഷിയിടത്തിലേക്കാണ് വിമാനം തകർന്നുവീണത്.
ഉടൻ തന്നെ വിമാനത്താവളത്തിലെ അഗ്നിശമന വാഹനങ്ങൾ അടക്കം എത്തിച്ച് രക്ഷാപ്രവർത്തനം തുടങ്ങി. അപകടവിവരമറിഞ്ഞ് ക്യൂബൻ പ്രസിഡൻറ് മിഗ്വേൽ ഡയസ് കാനൽ സ്ഥലത്തെത്തി. സർക്കാർ നിയന്ത്രണത്തിലുള്ള ക്യുബാന കന്പനിയുടെ വിമാനമാണ് തകർന്നത്.
സാങ്കേതിക തകരാർ പതിവായതോടെ പഴക്കം ചെന്ന വിമാനങ്ങൾ പോയ മാസങ്ങളിൽ ക്യുബാന കന്പനി ഒഴിവാക്കിയിരുന്നു. ഇവയ്ക്ക് പകരം സർവീസ് നടത്താൻ മെക്സികോയിൽ നിന്ന് വാടകയ്ക്ക് എടുത്ത വിമാനമാണ് തകർന്നുവീണത്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായി ക്യൂബൻ ഭരണകൂടം അറിയിച്ചു.