എടത്വ: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി. ദുരിത ബാധിതരെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു തുടങ്ങി. തലവടി പഞ്ചായത്തിലെ നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി. ദുരിതാശ്വാസ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വെള്ളം കയറിയ വീടുകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കുകയാണ്. ചക്കുളത്തുകാവ് ഓഡിറ്റോറിയത്തില്‍ ക്യാമ്പ് ആരംഭിച്ചു. നാല് കുടുംബങ്ങള്‍ ഇവിടേയ്ക്ക് മാറിയിട്ടുണ്ട്. ആട്, പശു, വളര്‍ത്ത് മൃഗങ്ങള്‍ എന്നിവയെ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറ്റി. കിടപ്പ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത് അധികാരികള്‍. റവന്യു, പഞ്ചായത്ത് പ്രതിനിധികളുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടന്നുവരുന്നു.
പൊതുവഴികള്‍ വെള്ളത്തില്‍ മുങ്ങിയതോടെ യാത്ര ദുരിതവും ഇരട്ടിയായിട്ടുണ്ട്. തലവടി കുതിരച്ചാല്‍ കോളനിയിലെ നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങി. വൃദ്ധരും, കുട്ടികളും, സ്ത്രീകളും ഉള്‍പ്പെടെ നിരവധി ആളുകളാണ് കോളനിയില്‍ ഒറ്റപ്പെട്ട അസ്ഥയില്‍ കഴിയുന്നത്. അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്ക ദുരിതം ആദ്യം വിതയ്ക്കുന്ന സ്ഥലമായി കുതിരച്ചാല്‍ കോളനി മാറിയിട്ടുണ്ട്. പഞ്ചായത്തിലെ മറ്റ് പ്രദേശങ്ങളുടെ അവസ്ഥയും വ്യത്യസ്ഥമല്ല. ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളകെട്ടിലാണ്.
ഇന്നലെ ഉച്ച കഴിഞ്ഞതോടെ വീയപുരം, നിരണം മുട്ടാര്‍ പഞ്ചായത്തിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. മുട്ടാര്‍ പഞ്ചായത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. എ.സി. റോസിന്റെ നവീകരണം നടക്കുന്നതിനാല്‍ മുട്ടാര്‍ പ്രദേശത്തുള്ളവര്‍ തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാത ആശ്രയിച്ച് ബന്ധുവീടുകളിലേക്ക് പലായനം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് ദിവസമായി നിര്‍ത്താതെ ചെയ്യുന്ന കനത്ത മഴയ്ക്ക് ശമനമില്ലാതെ തുടരുകയാണ്. പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ കിഴക്കന്‍ വെള്ളത്തിന്റെ വരവും ഏറിയിട്ടുണ്ട്. പമ്പാനദിയിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. നദീതീരങ്ങളിലും, പുഞ്ചക്യഷി ആരംഭിക്കാത്ത പാടശേഖര നടുവിലും താമസിക്കുന്നവര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. നദിയിലെ ഒഴുക്കും ശക്തിപ്രാപിച്ചു.
പുഞ്ചക്യഷിക്ക് പാടം വറ്റിച്ച സ്ഥലത്തെ താമസക്കാര്‍ക്ക് മാത്രമാണ് അല്പം ആശ്വാസം നല്‍കുന്നത്. പാടം വറ്റിച്ച് വിത തുടങ്ങിയ പാടങ്ങളിലെ പുറംബണ്ടുകള്‍ കവിഞ്ഞ് വെള്ളം കയറാന്‍ തുടങ്ങിയിട്ടുണ്ട്. കര്‍ഷകര്‍ ആശങ്കയിലാണ്. മഴ തുടര്‍ന്നാല്‍ പുഞ്ചകൃഷി പ്രാരംഭ നടപടി ആരംഭിച്ച നിരവധി പാടങ്ങള്‍ വീണ്ടും വെള്ളത്തില്‍ മുങ്ങാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ മുങ്ങിയ പാടങ്ങള്‍ വീണ്ടും പമ്പിംഗ് നടത്തി കൃഷി തുടരുമ്പോഴാണ് നിനച്ചിരിക്കാതെ മഴ ശക്തി പ്രാപിച്ചത്.