സ്വന്തം ലേഖകൻ
ബെയ്ജിംഗ്: ലോകത്തെ തന്നെ ഞെട്ടിച്ച വലിയൊരു കണ്ടു പിടുത്തമാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരിക്കുന്നത്. നാലു വർഷം മുൻപ് കാണാതായ മലേഷ്യൻവിമാനത്തിന്റെ പൈലറ്റ് ആത്മഹത്യ ചെയ്യാൻ വേണ്ടി 239 യാത്രക്കാരെയുമായി കടലിനടിയിലേയ്ക്കു കൂപ്പുകുത്തിയിരിക്കാമെന്നാണ് സിവിൽ ഏവിയേഷൻ രംഗത്തെ വിദഗ്ധർ പറയുന്നത്. വിമാനത്തിന്റെ ക്യാപ്റ്റൻ അമദ് ഷാ നടത്തിയ ആത്മഹത്യശ്രമമാണ് വിമാനത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളുടെയും ജീവനെടുത്തതെന്നാണ് നിഗമനം. ഏവിയേഷൻ വിഭാഗം വിദഗ്ധരായ പാനലിന്റേതാണ് കണ്ടെത്തൽ. ഈ കണ്ടെത്തലിനു പിന്നിൽ വിമാനത്തിന്റെ ദിശയിലുണ്ടായ മാറ്റമാണ് സാധ്യതയായി കണക്കാക്കുന്നത്.
യാത്രക്കിടെ ദിശ മാറിയ വിമാനം പെനാംഗിലേക്കാണ് നീങ്ങിയിരുന്നത്. അമദ് ഷായുടെ ജന്മദേശമാണ് പെനാംഗ്. ആത്മഹത്യ ശ്രമമാണെന്നു കാണിച്ച് ഇയാളുടെ കുടുംബ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ പല മലേഷ്യൻ മാധ്യമങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. അവസാന നിമിഷംവരെ വിമാനം പൈലറ്റിന്റെ നിയന്ത്രണത്തിലായിരുന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. അതുകൊണ്ടു തന്നെ വിമാനം നിയന്ത്രണം വിട്ടു സമുദ്രത്തിൽ പതിച്ചതല്ല എന്ന് ഉറപ്പിച്ചിരിക്കുകയാണ്.
കൂടാതെ മലേഷ്യയുടെയും തായ്ലൻഡിന്റെയും ആകാശത്ത് പല തവണ പറപ്പിച്ച് നിരീക്ഷകരെ ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിച്ചതും വിദഗ്ധർ ചൂണ്ടിക്കാട്ടി. വൻതുക ചെലവിട്ടിട്ടും വിമാനത്തിന്റെ അവശിഷ്ടം പോലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. വിമാനത്തിലെ ട്രാൻസ്പോഡർ പൈലറ്റ് ഓഫാക്കിയാതെന്നാണ് പാനലിന്റെ കണ്ടെത്തൽ. ഈ വിമാനത്തിന്റെ പൈലറ്റ് ആത്മഹത്യ ചെയ്യുകയായിരുന്നു, ഒപ്പം വിമാനത്തിലെ മുഴുവൻ ആളുകളെയും കൊല്ലുകയും ചെയ്യുകയായിരുന്നു.ഇതാണ് പാനലിന്റെ കണ്ടെത്തൽ.