ബംഗളൂരു: വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി കർണാടകയിൽ നിന്നും ഹൈദരാബാദിലേക്ക് മാറ്റിയിരുന്ന കോൺഗ്രസ്-ജെ.ഡി.എസ് എം.എൽ.എമാർ ഇന്ന് രാവിലെ ബംഗളൂരുവിൽ തിരിച്ചെത്തി. ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ കൊടുത്തിരുന്ന 15 ദിവസത്തെ സമയം പിൻവലിച്ച് ഇന്ന് വൈകുന്നേരം 4 മണിക്ക് ഭൂരിപക്ഷം തെളിയിക്കണമെന്ന് യെദ്യൂരപ്പയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനോടനുബന്ധിച്ചാണ് എം.എൽ.എമാരുടെ മടങ്ങിവരവ്. രാവിലെ തന്നെ സഭാനടപടികൾ ആരംഭിക്കും. രാവിലെ 10.30ന് പ്രോടൈം സ്പീക്കറെ നിയമിച്ചത് സംബന്ധിച്ച് കോൺഗ്രസ്സും ജെ.ഡി.എസുമായി നൽകിയ കേസ് സുപ്രീംകോടതി പരിഗണിക്കും. തുടർന്ന് 11 മണിമുതൽ നിയമസഭാംഗങ്ങളുടെ സത്യ പ്രതിജ്ഞ നടക്കും. രാവിലെ പതിനൊന്ന് മണിക്ക് സഭ ചേർന്നാൽ പ്രോടൈം സ്പീക്കർക്ക് മുമ്പാകെ അംഗങ്ങൾ സത്യപ്രതിജ്ഞ ആരംഭിക്കും. സത്യപ്രതിജ്ഞ വൈകുന്നേരം നാല് മണിക്ക് മുൻപ് പൂർത്തിയാക്കണം. നാല് മണിക്കാണ് നിർണായകമായ വിശ്വാസ വോട്ടെടുപ്പ്. അവസാന മണിക്കൂറുകളിലും കേവല ഭൂരിപക്ഷത്തിനായി മറ്റ് പാർട്ടികളിൽ നിന്നും എം.എൽ.എമാരെ കുടെചേർക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. രണ്ട് ജെ.ഡി.എസ് എം.എൽ.എമാരെ ബി.ജെ.പി തട്ടിയെടുത്തെന്ന് ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി ആരോപിച്ചിരുന്നു. മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോഴും ഇരു ഭാഗത്തും ആരൊക്കെ ഉണ്ടാകും എന്നതിന്റെ വ്യക്തമായ ചിത്രം ലഭ്യമായിട്ടില്ല. വെറും രണ്ട് ദിവസത്തെ ഭരണമായിരിക്കുമോ യെദ്യൂരപ്പയുടേതെന്ന് രാജ്യം ഉറ്റുനോക്കുമ്പോഴും കർണാടക നിയമസഭയിൽ വിശ്വാസവോട്ട് നേടുമെന്ന് നൂറുശതമാനം ഉറപ്പെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അഭിപ്രായപ്പെട്ടു.