സ്വന്തം ലേഖകൻ
ന്യൂഡൽഹി: ജി.എസ്.ടി വന്നാലും പട്രോളിന്റെയും ഡീസലിന്റെയും വില കുറയില്ല. ഇന്ധന വിലനിർണ്ണയാധികാരം എണ്ണക്കമ്പനികളിൽ നിന്നു തിരിച്ചു പിടിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കാത്തതിനാലാണ് വിലയിൽ കാര്യമായ കുറവുണ്ടാകാതെ വരുന്നത്.
ജി.എസ്.ടിയിൽ ഉൾപ്പെടുത്തി നികുതി പരിഷ്കാരം ഏർപ്പെടുത്തുന്നതോടെ പെട്രോളിനും ഡീസലിനും വില പകുതിയായി കുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഇരട്ടത്താപ്പ് തന്ത്രം മൂലം ഫലത്തിൽ നാല് രൂപ മാത്രമാണ് ജി.എസ്.ടി വന്നാലും ഇന്ധനവിലയിൽ കുറവുണ്ടാകുക.
ഇന്ധനവിലയിൽ നിന്നും നികുതിയും കമ്മിഷനുമായി കേന്ദ്ര സർക്കാർ നേരത്തെ പ്രതിവർഷം നേടിയിരുന്നത് 1.26 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ, കഴിഞ്ഞ ഒരു വർഷം കൊണ്ട് ഇത് 2.73 ലക്ഷം കോടിയായി വർധിച്ചു. ഇത് അധികം കുറയാത്ത രീതിയിൽ തന്നെയാണ് ജി.എസ്.ടിയിലും നികുതി പരിഷ്കരിച്ച് ചേർക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്.
നികുതിയില്ലാതെ പെട്രോളിനു 35.15 രൂപയും, ഡീസലിനു 37.42 രൂപയുമാണ് വിപണിവില. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതിയും, കമ്മിഷനും എല്ലാം കൂടി ചേർത്ത് പെട്രോളിനു 38.95 രൂപയും, ഡീസലിനു 27.40 രൂപയും അധികമായാണ് ഈടാക്കുന്നത്. ഫലത്തിൽ പെട്രോളിനു 78.61 രൂപയും, ഡീസലിന് 71.52 രൂപയുമാണ് നിലവിലെ വില.
ജി.എസ്.ടി വരുന്നതോടെ പെട്രോളിന്റെ അടിസ്ഥാന വിലയായ 35.15 രൂപയ്ക്കൈാപ്പം കേന്ദ്ര നികുതിയായ 15.82 രൂപയും, സംസ്ഥാന നികുതിയായ 15.82 രൂപയും കൂടി ചേരും. ഫലത്തിൽ പട്രോളിനു 70.39 രൂപ നൽകേണ്ടി വരും. ഡീസലിന്റെ അടിസ്ഥാന വിലയായ 37.42 രൂപയും, 11.11 രൂപ വീതം കേന്ദ്ര സംസ്ഥാന നികുതിയും, 2.82 രൂപ കമ്മിഷനും ചേർത്ത് 68.16 രൂപയാകും ജി.എസ്.ടിയിലെ വില. അതുകൊണ്ടു തന്നെ നികുതിഘടനയിലെ മാറ്റമല്ല വില നിർണ്ണയാധികാരം കേന്ദ്ര സർക്കാർ തിരിച്ചു പിടിക്കുകയാണ് ഇന്ധന വില നിയന്ത്രിക്കാൻ ഏറ്റവും പര്യാപ്തം.
2014 ൽ ക്രൂഡ് ഓയിൽ വില ബാരലിനു 104 ഡോളർ. അന്ന് ഡീസലിനു വില 55.48. ഇപ്പോൾ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളർ. ഇന്ന് ഡീസൽ വില 66.82 രൂപ..!