കേരള സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കൽ ഓർഡിനൻസിൽ ഗവർണറുടെ തീരുമാനം ഇന്ന്. സംസ്ഥാനത്തിൻ്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഗവർണർക്ക് വ്യക്തമായ ധാരണയുള്ളതിനാൽ ഓർഡിനൻസിൽ അദ്ദേഹം ഒപ്പുവയ്ക്കുമെന്ന പ്രതീക്ഷയിലാണ് കേരള സർക്കാർ. ഓർഡിനൻസ് ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ ഓഫീസ് ഗവർണർക്ക് കൈ മാറിയിരുന്നു.
നിർബന്ധപൂർവം ജീവനക്കാരിൽ നിന്നും ശമ്പളം പിടിക്കുന്ന നടപടി അദ്ദേഹം അംഗീകരിക്കില്ലെന്നു തന്നെയാണ് പ്രതിപക്ഷത്തിൻ്റെ വാദം. നിലവിലെ ദുരന്ത നിവാരണ നിയമ പ്രകാരം ഉള്ള തീരുമാനമായി കണ്ടു ശമ്പളം പിടിയ്ക്കാനുള്ള ഈ ഓർഡിനൻസിനെ ഗവർണർ എതിർക്കാൻ ഇടയില്ലെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ നൽകുന്ന സൂചന.
എന്നാൽ സർക്കാർ ജീവനക്കാരുടെ ഒരു മാസ ശമ്പളം മാസത്തിൽ 6 ദിവസമെന്ന നിലയിൽ 5 മാസമായി 30 ദിവസത്തെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് നിയമ സാധുതയില്ലെന്നായിരുന്നു ബഹു: കേരള ഹൈക്കോടതി പറഞ്ഞത്.
എന്നാൽ ഇപ്പോളീ ഓർഡിനൻസ് പ്രാബല്യത്തിലാകുന്നതോടെ ജീവനക്കാരുടെ ശമ്പളം പിടിക്കലിന് നിയമസാധുതയാകുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.