കൊച്ചി: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. മേയ് 20ന് കേസ് വീണ്ടും പരിഗണിക്കും. സർക്കാർ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സർവീസ് സംഘടനകൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.
ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും അത് സ്വത്തിന്റെ പരിധിയിൽ വരുമെന്നും പറഞ്ഞ ഹൈക്കോടതി പ്രത്യേക ഉത്തരവിലൂടെ ശമ്പളം തടഞ്ഞുവെക്കാനാകില്ലെന്നും വ്യക്തമാക്കി. ശമ്പളം മാറ്റിവെക്കുന്നത് നിരസിക്കുന്നതിന് തുല്യമാണ്. കോവിഡ് കാലത്തെ സർക്കാർ പ്രവർത്തനങ്ങൾ അഭിനന്ദനമർഹിക്കുന്നു. എന്നാൽ അതിന്റെ പേരിൽ വ്യക്തികളുടെ അവകാശങ്ങൾ ചോദ്യം ചെയ്യാനാകില്ലെന്ന് കോടതി പറഞ്ഞു.
സർക്കാരിന്റെ ശമ്പളം മാറ്റിവെക്കാനുള്ള ഉത്തരവിനെതിരേ എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആർടിസി ജീവനക്കാരുടെയും സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്. മാറ്റിവെക്കുന്നു എന്നാണ് പറയുന്നതെങ്കിലും ഇത് എന്ന് തിരികെ തരുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.
കേന്ദ്ര ജീവനക്കാർക്ക് ലഭിച്ച പോലെ ജീവനക്കാർക്ക് തിരഞ്ഞെടുപ്പിനുള്ള അവസരമില്ല. അതിനാൽ, മാറ്റിവെയ്ക്കൽ യഥാർത്ഥത്തിൽ വെട്ടിക്കുറയ്ക്കലായി മാറുന്നവെന്നുമാണ് ഹർജികളിൽ ആരോപിച്ചിരുന്നത്.
അതേസമയം, സാലറി കട്ടല്ല താൽക്കാലികമായ മാറ്റിവെക്കലാണ് സർക്കാർ ചെയ്യുന്നതെന്നായിരുന്നു അഡ്വക്കറ്റ് ജനറൽ സുധാകര പ്രസാദ് കോടതിയിൽ വാദിച്ചത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാരിന് 8000 കോടി രൂപയാണ് ആവശ്യം. സൗജന്യ റേഷനും സമൂഹ അടുക്കളയും ക്ഷേമപെൻഷൻ വിതരണവും ഉൾപ്പെടെ നിരവധി കാര്യങ്ങൾ ചെയ്തുകഴിഞ്ഞു. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാർ തയ്യാറാണെന്നും അഡ്വക്കറ്റ് ജനറൽ കോടതിയിൽ പറഞ്ഞു.
എന്നാൽ, സാമ്പത്തിക പ്രതിസന്ധി ശമ്പളം നീട്ടിവെക്കാനുള്ള ന്യായീകരണമല്ലെന്നായിരുന്നു കോടതിയുടെ നിലപാട്. സർക്കാർ ഉത്തരവിൽ അവ്യക്തതയുണ്ടെന്നും പണം എന്തിനുവേണ്ടിയാണ് ചെലവാക്കുക എന്ന് പറഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഉത്തരവിനെതിരേ സർക്കാരിന് അപ്പീലിന് പോകാൻ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.