
പത്തനംതിട്ട- കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ ഡാം ഇന്ന് ഉച്ചയോടെ തുറന്നു.
പമ്പാ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഉയർത്തി കുറഞ്ഞ അളവിൽ ജലം തുറന്നുവീടുകയാണ്.
ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ ജലം പമ്പാ നദിയിലേക്കു ഒഴുക്കി വിടുകയാണ്.
ഇന്ന് ഉച്ചയ്ക്ക് 12ന് ശേഷം പുറത്തേക്ക് ഒഴുക്കിവിട്ടുതുടങ്ങിയ ജലം പമ്പാനദിയിലൂടെ ഏകദേശം ആറു മണിക്കൂറിനു ശേഷം പമ്പാ ത്രിവേണിയില്‍ എത്തും.
നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തേണ്ടതും ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.