IND vs NZ: അശ്വിന്‍ 2.0!- ഇതാണ് തിരിച്ചുവരവ്, ആരും കൈയടിക്കും

ഇന്ത്യൻ ടീമിന്റെ ‘ഫുൾടൈം’ പരിശീലകനായുള്ള ആദ്യ ഇന്നിങ്സിൽ രാഹുൽ ദ്രാവിഡിന് വിജയം. ആവേശം അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ, ന്യൂസീലൻഡിനെ 5 വിക്കറ്റിനു കീഴടക്കിയ ഇന്ത്യ 3 മത്സര പരമ്പരയിൽ മുന്നിലെത്തി (1–0). സ്കോർ– ന്യൂസീലൻഡ്: 20 ഓവറിൽ 164–6; ഇന്ത്യ 19.4 ഓവറിൽ 166–5. ടോസ്: ഇന്ത്യ.

ട്വന്റി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയെ തകർത്തു തരിപ്പണമാക്കിയ ന്യൂസീലൻഡിനെതിരെ നേടിയ ജയം, ആദ്യ രാജ്യാന്തര ട്വന്റി20 മത്സരത്തിന് ആതിഥ്യമരുളിയ സവായ് മാൻസിങ് സ്റ്റേഡിയത്തെയും ആവേശത്തിലാക്കി.

ക്യാപ്റ്റൻസ് ഇന്നിങ്സോടെ (36 പന്തിൽ 5 ഫോറും 2 സിക്സും അടക്കം 48) രോഹിത് ശർമ മുന്നിൽനിന്നു നയിച്ചപ്പോൾ തകർപ്പൻ അർധ സെഞ്ചുറിയോടെ സൂര്യകുമാർ യാദവും (40 പന്തിൽ 6 ഫോറും 2 സിക്സും അടക്കം 62) തിളങ്ങി. അധികാരിക ജയത്തിലേക്കു നീങ്ങവെ, അനാവശ്യമായി ഇന്ത്യ വിക്കറ്റുകൾ വലിച്ചെറിഞ്ഞതോടെയാണു കിവീസ് മത്സരത്തിൽ പിടിമുറുക്കിയത്.

പവർപ്ലേ ഓവറുകളിൽത്തന്നെ ഓപ്പണർ കെ.എൽ. രാഹുലിനെ (14 പന്തിൽ ഒന്നു വീതം ഫോറും സിക്സും അടക്കം 15), നഷ്ടമായെങ്കിലും അതിനോടകം 5.1 ഓവറിൽ ഇന്ത്യൻ സ്കോർബോര്‍ഡിൽ 50 റൺസ് എത്തിയിരുന്നു.

2–ാം വിക്കറ്റിൽ സൂര്യ– രോഹിത് സഖ്യം 59 റൺസ് ചേർത്തു. ട്രെന്റ് ബോൾട്ടിനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ രചിൻ രവീന്ദ്രയ്ക്കു ക്യാച്ച് നൽകിയാണു രോഹിത് പുറത്തായത്. എന്നാൽ കിവീസിനു കാര്യമായ പഴുതുകൾ നൽകാതെ ബാറ്റിങ് തുടർന്ന സൂര്യയെ ഒടുവിൽ ഇന്ത്യൻ ലക്ഷ്യത്തിനരികെ ബോൾട്ട് ബോൾഡാക്കുകയായിരുന്നു.  ഇതോടെയാണ് ഇന്ത്യയുടെ സ്കോറിങ് വേഗം കുറഞ്ഞത്.

അവസാന 2 ഓവറിൽ 7 വിക്കറ്റ് ശേഷിക്കെ 16 റൺസാണ് ഇന്ത്യയ്ക്കു വേണ്ടിയിരുന്നത്. 19–ാം ഓവറിൽ 6 റണ്‍സ് മാത്രം വഴങ്ങിയ സൗത്തി അവസാന പന്തിൽ, ശ്രേയസ് അയ്യരെ (8 പന്തിൽ 5) പുറത്താക്കുക കൂടി ചെയ്തതോടെ അവസാന ഓവറിൽ ഇന്ത്യയ്ക്കു വേണ്ടിയിരുന്നത് 10 റൺസ്.

ഡാർയിൽ മിച്ചെൽ എറിഞ്ഞ 20–ാം ഓവറിലെ ആദ്യ പന്ത് വൈഡായി. അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ വെങ്കിടേഷ് അയ്യർ റീ ബോളിൽ ഫോറടിച്ചു. പിന്നാലെ 2–ാം പന്തിൽ പുറത്തായി (2 പന്തിൽ 4). അടുത്ത പന്ത് വൈഡായി. റീ ബോളിൽ അക്സർ പട്ടേൽ സിംഗിളെടുത്തതോടെ ജയത്തിനു 3 പന്തിൽ 3. 4–ാം പന്ത് ഫോറടിച്ച ഋഷഭ് പന്ത് (17 പന്തിൽ  2 ഫോർ അടക്കം പുറത്താകാതെ 17) ഇന്ത്യയെ ജയത്തിലെത്തിച്ചു.

കിവീസിനായി ബോൾട്ട് 4 ഓവറിൽ 31 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. മിച്ചെൽ സാന്റ്നെർ 4 ഓവറിൽ 19 റൺസ് വഴങ്ങിയും ടിം സൗത്തി 4 ഓവറിൽ 40 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

തകർത്തടിച്ച് ഗപ്ടിൽ, ചാപ്മാൻ

ഒരുവേള കൂറ്റൻ സ്കോറിലേക്കെന്ന തോന്നലുയർത്തിയ ന്യൂസീലൻഡിനെ, അവസാന ഓവറുകളിലെ അച്ചടക്കമുള്ള ബോളിങ്ങിലൂടെയാണ് ഇന്ത്യ പിടിച്ചുകെട്ടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ്, നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 164 റൺസെടുത്തത്. ഓപ്പണർ മാർട്ടിൻ ഗപ്ടിൽ (42 പന്തിൽ 70), മാർക്ക് ചാപ്മാൻ (50 പന്തിൽ 63) എന്നിവരുടെ അർധസെഞ്ചുറികളാണ് ന്യൂസീലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്.

സ്കോർ ബോർഡിൽ ഒരു റൺസ് മാത്രമുള്ളപ്പോൾ ട്വന്റി20 ലോകകപ്പ് ഹീറോ ഡാരിൽ മിച്ചലിന്റെ വിക്കറ്റ് നഷ്ടമായ ന്യൂസീലൻഡിന്, രണ്ടാം വിക്കറ്റിൽ മാർട്ടിൻ ഗപ്ടിൽ – മാർക്ക് ചാപ്മാൻ സഖ്യം പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് മികച്ച സ്കോറിലേക്കെത്താൻ അടിസ്ഥാനമായത്. രണ്ടാം വിക്കറ്റിൽ വെറും 77 പന്തിൽനിന്ന് ഇരുവരും കിവീസ് സ്കോർബോർഡിലെത്തിച്ചത് 109 റൺസ്.

ട്വന്റി20യിൽ ഇന്ത്യയ്‌ക്കെതിരെ ഏതൊരു വിക്കറ്റിലുമായി ന്യൂസീലൻഡിന്റെ ഉയർന്ന കൂട്ടുകെട്ടാണിത്. 2017ൽ രാജ്കോട്ടിൽ 105 റൺസ് അടിച്ചുകൂട്ടിയ കോളിൻ മൺറോ – മാർട്ടിൻ ഗപ്ടിൽ സഖ്യത്തിന്റെ റെക്കോർഡാണ് ഇവർക്കു മുന്നിൽ വഴിമാറിയത്. ഡാരിൽ മിച്ചൽ (0), ഗ്ലെൻ ഫിലിപ്സ് (0), ടിം സീഫർട്ട് (11 പന്തിൽ 12), രചിൻ രവീന്ദ്ര (എട്ടു പന്തിൽ ഏഴ്) എന്നിവരാണ് പുറത്തായ മറ്റ് കിവീസ് താരങ്ങൾ. മിച്ചൽ സാന്റ്നർ (4), ടിം സൗത്തി (0) എന്നിവർ പുറത്താകാതെ നിന്നു.

ഇന്ത്യയ്ക്കായി രവിചന്ദ്രൻ അശ്വിൻ നാല് ഓവറിൽ 23 റൺസ് വഴങ്ങിയും ഭുവനേശ്വർ കുമാർ നാല് ഓവറിൽ 24 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ദീപക് ചാഹറിന് ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറിൽ 42 റൺസ് വഴങ്ങി. മുഹമ്മദ് സിറാജ് നാല് ഓവറിൽ 39 റൺസ് വഴങ്ങിയും ഒരു വിക്കറ്റെടുത്തു.

തകർച്ചയോടെ തുടക്കം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ട്വന്റി20 ലോകകപ്പിൽ കിവീസിന്റെ കുതിപ്പിന് ചുക്കാൻ പിടിച്ച ഓപ്പണർ ഡാരിൽ മിച്ചൽ ആദ്യ ഓവറിൽത്തന്നെ ഗോൾഡൻ ഡക്ക്! ഭുവനേശ്വർ കുമാറിനായിരുന്നു വിക്കറ്റ്. അപകടം മണത്ത ന്യൂസീലൻഡ് പതുക്കെ പ്രതിരോധത്തിലേക്കു വലിഞ്ഞത് അവർക്കു ഗുണകരമായി. പതുക്കെ ക്രീസിൽ നിലയുറപ്പിച്ച മാർട്ടിൻ ഗപ്‍ടിൽ – മാർക്ക് ചാപ്മാൻ സഖ്യം പിന്നീട് ആക്രമണത്തിലേക്കു തിരിഞ്ഞതോടെ ഇന്ത്യൻ ബോളർമാർ വലഞ്ഞു. അർധസെഞ്ചുറി കൂട്ടുകെട്ടും പിന്നിട്ട് കുതിച്ച സഖ്യം സെഞ്ചുറി കൂട്ടുകെട്ടും തീർത്താണ് പിരിഞ്ഞത്.

രണ്ടാം വിക്കറ്റിൽ വെറും 77 പന്തിൽനിന്ന് ഇരുവരും കിവീസ് സ്കോർബോർഡിലെത്തിച്ചത് 109 റൺസ്. ഒടുവിൽ ചാപ്മാനെ ക്ലീൻബോൾ ചെയ്ത് രവിചന്ദ്രൻ അശ്വിനാണ് ഇന്ത്യ കാത്തിരുന്ന വിക്കറ്റ് സമ്മാനിച്ചത്. 50 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 63 റൺസെടുത്താണ് ചാപ്മാൻ മടങ്ങിയത്.

തൊട്ടുപിന്നാലെ ഗ്ലെൻ ഫിലിപ്സിനെയും അതേ ഓവറിൽ അശ്വിൻ ഡക്കിന് പുറത്താക്കി. മൂന്നു പന്തു മാത്രം നേരിട്ട ഫിലിപ്സ് അശ്വിന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് പുറത്തായത്. ടിം സീഫർട്ട് കൂട്ടിനെത്തിയതോടെ മാർട്ടിൻ ഗപ്ടിൽ ആക്രമണത്തിലേക്ക് ഗീയർ മാറ്റി. 31 പന്തിൽനിന്ന് ഗപ്ടിൽ അർധസെഞ്ചുറി പിന്നിട്ടു. ഇന്ത്യയ്‌ക്കെതിരെ ഗപ്ടിലിന്റെ ആദ്യ ട്വന്റി20 അർധസെഞ്ചുറിയാണിത്.

തകർത്തടിച്ച് മുന്നേറിയ ഗപ്ടിൽ 18–ാം ഓവറിലെ രണ്ടാം പന്തിൽ പുറത്തായി. ദീപക് ചാഹറിന്റെ ഓവറിലെ ആദ്യ പന്തിൽ സിക്സടിച്ചശേഷം ബോളറെ തുറിച്ചുനോക്കി ‘ആഘോഷിച്ച’ ഗപ്ടിൽ, തൊട്ടടുത്ത പന്തിൽ പുറത്തായി. രണ്ടാം സിക്സിനുള്ള ശ്രമത്തിൽ ശ്രേയസ് അയ്യർക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോൾ തിരിച്ചൊരു തുറിച്ചുനോട്ടമായിരുന്നു ചാഹറിന്റെ മറുപടി. ഗപ്ടിൽ 42 പന്തിൽ മൂന്നു ഫോറും നാലു സിക്സും സഹിതം 70 റൺസെടുത്തു.

തൊട്ടടുത്ത ഓവറിൽ ടിം സീഫർട്ടിനെ ഭുവനേശ്വർ കുമാർ പുറത്താക്കി. 11 പന്തിൽ രണ്ടു ഫോറുകളോടെ 12 റൺസെടുത്ത സീഫർട്ടിനെ സൂര്യകുമാർ യാദവ് ക്യാച്ചെടുത്താണ് മടക്കിയത്. എട്ടു പന്തിൽ ഒരു ഫോർ സഹിതം ഏഴു റൺസെടുത്ത ഇന്ത്യൻ വംശജൻ കൂടിയായ രചിൻ രവീന്ദ്രയെ അവസാന ഓവറിൽ മുഹമ്മദ് സിറാജ് പുറത്താക്കി.